Friday 1 June 2012

ഒരു കള്ളപ്രവാചകനെയോ ഒരു ദുരുപദേഷ്ടാവിനേയോ എങ്ങനെ തിരിച്ചറിയാം?


ചോദ്യം: ഒരു കള്ളപ്രവാചകനെയോ ഒരു ദുരുപദേഷ്ടാവിനേയോ എങ്ങനെ തിരിച്ചറിയാം?

ഉത്തരം: ദൈവത്തിന്റെ വൃതന്‍മാരെപ്പോലും തെറ്റിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട്‌ കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്‍മാരും എഴുന്നേല്‍ക്കും എന്ന്‌ കര്‍ത്തവ്‌ പറഞ്ഞിട്ടുണ്ട്‌ (മത്താ.23:24-27; 2പത്രോ.3:3; യൂദാ. വാ.17,18 ഉം കാണുക). ദുരുപദേശത്തില്‍ നിന്നും ദുരുപദേഷ്ടാക്കളില്‍ നിന്നും നമ്മെ കാക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സത്യം അറിഞ്ഞിരിക്കുക എന്നതാണ്‌. തെറ്റിനെ കണ്ടറിയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ശരിയായുള്ളത്‌ വ്യക്തമായി പഠിച്ചറിയുക എന്നതാണ്‌. സത്യവചനത്തെ വ്യക്തമായി പഠിച്ച്‌ അതിനെ ശരിയായി കൈകാര്യം ചെയ്യുവാന്‍ (2തിമോ.2:15) അറിയുന്ന ഒരു വ്യക്തിക്ക്‌ ദുരുപദേശത്തെ പെട്ടെന്ന്‌ തിരിച്ചറിയുവാന്‍ കഴിയും. ഉദ്ദാഹരണമായി, മത്താ.3:16,17 എന്നീ വാക്യങ്ങളില്‍ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ വ്യക്തികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യം വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക്‌ ത്രിത്വം ശരിയല്ല എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ സമ്മതിക്കുവാന്‍ കഴികയില്ല. അതുകൊണ്ട്‌ തിരുവചനത്തെ വ്യക്തമായി പഠിച്ച്‌ അത്‌ നല്ലവണ്ണം കൈകാര്യം ചെയ്യുവാന്‍ അറിഞ്ഞിരിക്കുക എന്നതാണ്‌ ദുരുപദേശത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യമായി ചെയ്യേണട ത്‌.


യേശുകര്‍ത്താവു പറഞ്ഞു, "ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്‌" എന്ന്‌ (മത്താ.12:33). നാം "ഫലം" തെരയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രധാനമായി ശ്രദ്ധിച്ചാല്‍ ഒരു വ്യക്തി ദുരുപദേശകനോ കള്ളപ്രവാചകനോ ആകുന്നുവോ എന്ന്‌ കണ്ടുപിടിക്കാം.


1) ഈ ഉപദേഷ്ടാവ്‌ ക്രിസ്തുവിനെപ്പറ്റി എന്തു പഠിപ്പിക്കുന്നു? മത്താ.16:15-16 ല്‍ കര്‍ത്താവ്‌ ചോദിക്കുന്നു: "ഞാന്‍ ആരെന്ന്‌ നിങ്ങള്‍ പറയുന്നു?" അതിനു മറുപടിയായി പത്രോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു". "നീ ഭാഗ്യവാന്‍" എന്ന്‌ കര്‍ത്താവ്‌ പത്രോസിനോടു പറയുന്നു. 2യോഹ. വാക്യം 9 ല്‍ ഇങ്ങനെ വായിക്കുന്നു. "ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല. ഉപദേശത്തില്‍ നിലനില്‍ക്കുന്നവനോ, പിതാവും പുത്രനും ഉണ്ട്‌". വേറൊരു രീതിയില്‍ പറഞ്ഞാല്‍, ക്രിസ്തുവും അവന്റെ രക്ഷണ്യവേലയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. ആരെങ്കിലും ക്രിസ്തുവിനെ തരം താഴിത്തി ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം കൊടുത്തില്ലെങ്കില്‍, ആരെങ്കിലും ക്രിസ്തു പൂര്‍ണ്ണ മനുഷന്‍ ആയിരുന്നില്ല എന്നു പറയുന്നെങ്കില്‍, ആരെങ്കിലും ക്രിസ്തുവിന്റെ മരണം പാപക്ഷമക്ക്‌ പര്യാപ്തമല്ല എന്നു പറയുന്നെങ്കില്‍, അങ്ങനെയുള്ളവര്‍ വേദവിരുദ്ധം ഉപദേശിക്കുന്നവരാണ്‌. "യേശുവിനെ ക്രിസ്തുവല്ല എന്ന്‌ നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആരാകുന്നു? പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ തന്നെ എതിര്‍ക്രിസ്തു ആകുന്നു" (1യോഹ.2:22).


2) ഈ ഉപദേഷ്ടാവ്‌ വാസ്തവത്തില്‍ സുവിശേഷം പ്രസംഗിക്കുന്നവനാണോ? "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി തിരുവെഴുത്തുകളില്‍ പ്രകാരം മരിച്ച്‌, അടക്കപ്പെട്ട്‌, തിരുവെഴുത്തുകളിന്‍ പ്രകാരം ഉയിര്‍ത്തെഴുന്നേറ്റ്‌... പ്രത്യക്ഷനായി" (1കൊരി.15:3-4) എന്നതാണ്‌ സുവിശേഷത്തിന്റെ കാതലായ വിഷയം. "ദൈവം നമ്മെ സ്നേഹിക്കുന്നു", "നമുക്കു പാവപ്പെട്ടവരെ ശുശ്രൂഷിക്കാം", "നാം എല്ലാ നിലയിലും ഐശ്വര്യവാരായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു" എന്നൊക്കെ പ്രസംഗിക്കുന്നവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ ഇന്‍പമുള്ളതായിരുന്നാലും അതൊന്നും സുവിശേഷമല്ല. ഗലാ.1:7 ലെ പൌലൊസിന്റെ ഭയനിര്‍ദേശം ശ്രദ്ധിക്കുക. "അത്‌ വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ". ദൈവത്തിന്റെ സുവിശേഷത്തെ മാറ്റിമറിക്കുവാന്‍ എത്ര വലിയ പ്രാസംഗീകനും അധികാരമില്ല. "എന്നാല്‍, ഞങ്ങള്‍ നിങ്ങളോട്‌ അറിയിച്ചതിനു വിപരീതമായി, ഞങ്ങള്‍ ആകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ ആകട്ടെ നിങ്ങളോട്‌ വേറൊരു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍" (ഗലാ.1:8) എന്ന് വേദപുസ്തകം പറയുന്നു.


3) ഈ ഉപദേഷ്ടാവ്‌ തന്റെ സ്വഭാവത്തില്‍ ക്രിസ്തുവിനെ പ്രദര്‍ശിപ്പിക്കുന്നവനാണോ? ദുരുപദേഷ്ടാക്കന്‍മാരെപ്പറ്റി പറയുമ്പോള്‍ യൂദാ ഇങ്ങനെ പറയുന്നു: "അവര്‍ക്ക്‌ അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും, കൂലി കൊതിച്ച്‌ ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്‍പിക്കയും, കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു" (വാക്യം 11). വേറൊരു രീതിയില്‍ പറഞ്ഞാല്‍ ദുരുപദേഷ്ടാക്കന്‍മാര്‍ അഹങ്കാരത്താല്‍ കയിനെപ്പോലെ ദൈവത്തിന്റെ ആലോചനയെ മറുതലിക്കുന്നവരും, ബാലാമിനെപ്പോലെ അത്യാഗ്രഹികളായി ദൈവവേലയെ ധനസമ്പാദ്യ മാര്‍ഗ്ഗമാക്കുന്നവരും, കോരഹിനെപ്പോലെ ദൈവ വ്യവസ്ഥിതിയെ മാറ്റിമറിക്കുവാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരെപ്പറ്റി നാം ജാഗ്രതയുള്ളവരായിരുന്ന് അവരുടെ ഫലങ്ങളാല്‍ അവരെ തിരിച്ചറിയണം എന്ന് നമ്മുടെ കര്‍ത്താവു പറഞ്ഞു (മത്താ.7:15-20).


ഗലാത്യലേഖനം, 2പത്രോസ്‌, യോഹന്നാന്റെ 1,2 ലേഖനങ്ങള്‍, യൂദയുടെ ലേഖനം എന്നിവ ദുരുപദേശങ്ങള്‍ക്ക്‌ എതിരായി എഴുതിയിട്ടുള്ളവയാണ്‌. ഈ ലേഖനങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണം. ദുരുപദേശക്കാരെ കണ്ടുപിടിക്കുക ചിലപ്പോള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. പിശാച്‌ വെളിച്ചദൂതനേപ്പോലെയും അവന്റെ ശിഷ്യന്‍മാര്‍ നീതിപ്രസംഗികളെപ്പോലെയും വെളിപ്പെടാറുണ്ടല്ലോ എന്ന് നാം വായിക്കുന്നു (2കൊരി.11:14.15). സത്യവചനത്തെ വ്യക്തമായി മനസ്സിലാക്കിയെങ്കിലേ ദുരുപദേശത്തേയും കള്ളപ്രവാചകന്‍മാരേയും ഏതൊക്കെ ആരൊക്കെയെന്നത്‌ കണ്ട്‌ അറിയുവാന്‍ സാധിക്കയുള്ളൂ.

അവലംബം: gotQuestion?org


No comments:

Post a Comment