Showing posts with label GotQuestion?org. Show all posts
Showing posts with label GotQuestion?org. Show all posts

Saturday, 16 June 2012

സ്വര്‍ഗ്ഗം നരകം മരണാന്തര ജീവിതം...ബൈബിള്‍ എന്ത് പറയുന്നു?

ചോദ്യം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഉത്തരം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ? സത്യവേദപുസ്തകം ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷന്‍ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവന്‍ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു" (ഇയ്യോ.14:1,2). "മനുഷന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?" (ഇയ്യോ.14:14).

"ഇയ്യോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്‌. നാം മരിക്കുംബോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌?

നാം മരിക്കുംബോള്‍ വസ്തവത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ അതോ അത്‌ മനസ്സിന്റെ വെറും ഒരു അവസ്ഥയാണോ?

സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9) എന്നത്രേ.

കര്‍ത്താവായ യേശുക്രിസ്തു മനുഷനായി ഈ ലോകത്തില്‍ വന്നത്‌ നിത്യജീവന്‍ മനുഷര്‍ക്ക്‌ ദാനമായി തരുവാനായാണ്‌. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക്‌ സൌഖ്യം വന്നുമിരിക്കുന്നു" (യേശ.53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവന്‍ തന്റെ മേല്‍ വഹിച്ച്‌ തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താന്‍ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിര്‍തതെ്ഴുന്നേറ്റ്‌ മരണത്തിന്‍മേല്‍ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങള്‍ അനേകര്‍ക്ക്‌ തന്നെത്താന്‍ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക്‌ അഥവാ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രയായി. റോമ,4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".

യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്‌. അപ്പൊസ്തലനായ പൌലൊസ്‌ ദൃക്സാക്ഷികളെ നിരത്തി ആര്‍ക്കെങ്ങിലും വെല്ലുവിളിക്കാനാവാത്ത രീതിയില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ നമുക്ക്‌ വിശ്വസിക്കാനാകും.

പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ്‌ ഇങ്ങനെയാണ്‌ ഉല്‍ബോധിപ്പിച്ചത്‌: "ക്രിസ്തു മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക്‌ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന്‌ നിങ്ങളില്‍ ചിലര്‍ പറയുന്നത്‌ എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13).

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ മരിച്ചവരില്‍ നിന്ന്‌ ആദ്യ ഫലമാണ്‌. നമ്മുടെ ശാരീരികമരണം ആദാമില്‍ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താല്‍ നമുക്ക്‌ നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്‌ ഉറപ്പാണ്‌. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കല്‍ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).

നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത്‌ സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തില്‍ ജീവിക്കുംബോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്‌. ഒരിക്കല്‍ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്ര.9:27). നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്താ.25:46) എന്ന് വായിക്കുന്നു.

നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലമാണ്‌; ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത്‌ നീതികെട്ടവര്‍ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവര്‍ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയില്‍ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും.

നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോ.8:31; വെളി.9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48). ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിന്‌ പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട്‌ ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹ.33:11). ബലം പ്രയോഗിച്ച്‌ അവന്‍ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാല്‍ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.

നമ്മുടെ ഈ ലോക ജീവിതം വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്‌. വിശ്വാസികള്‍ക്ക്‌ ദൈവസാന്നിധ്യത്തിലെ നിത്യജീവനാണ്‌ ലഭിക്കുക. എങ്ങനെയാണ്‌ ഈ നിത്യജീവന്റെ അവകാശി ആകേണ്ടതിന്‌ നാം നീതീകരണം പ്രാപിക്കുന്നത്‌? അതിന്‌ ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്‌. "യേശു അവളോട്‌, ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹ.11:25,26).

സൌജന്യമായ നിത്യജീവന്‍ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്‌. എന്നാല്‍ അതു പ്രാപിക്കുവാന്‍ നാം ലോകത്തെ തിരസ്കരിച്ച്‌ ദൈവതതി്ങ്കലേക്ക്‌ തിരിയേണ്ടത്‌ ആവശ്യമാണ്‌. പുത്രനില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേല്‍ ഇരിക്കുന്നതേയുള്ളൂ (യോഹ. 3:36). മരണശേഷം മാനസാന്തരപ്പെടുവാന്‍ ഒരവസരമില്ല. ദൈവത്തെ നേരില്‍ കണ്ട ശേഷം വിശ്വസിക്കാതിരിപ്പാന്‍ തരമില്ലല്ലോ. ഇന്ന് നാം അവനെ വിശ്വസിച്ച്‌ ആശ്രയിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്റെ പുത്രനായ ക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങള്‍ നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വീകരിച്ച്‌ അവനില്‍ ആശ്രയിക്കുമെങ്കില്‍ ഇന്ന് ഒരു സൌഭാഗ്യ ജീവിതവും മരണാനന്തരം നിത്യജീവനും നമുക്കു ലഭിക്കും.

ചോദ്യം: എന്താണ്‌ പുതിയ ആകാശവും പുതിയ ഭൂമിയും?

ഉത്തരം: സ്വര്‍ഗ്ഗം എങ്ങനെ ആയിരിക്കും എന്നതിനെപ്പറ്റി പല ആളുകള്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. വെളി.21-22 എന്നീ അദ്ധ്യായങ്ങളില്‍ പുതിയ ആകാശത്തെപ്പറ്റിയും പുതിയ ഭൂമിയെപ്പറ്റിയും വളരെ വ്യക്തമായി കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ത്യകാല സംഭവങ്ങള്‍ക്കു ശേഷം നാം ഇപ്പോള്‍ വസിക്കുന്ന ഈ ഭൂമിയും ആകാശവും ചുട്ടെരിക്കപ്പെടും (2പത്രൊ.3:10). അതിനു ശേഷം ദൈവം ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കും. ആ പുതിയ ഭൂമിയിലായിരിക്കും രക്ഷിക്കപ്പെട്ടവര്‍ തങ്ങളുടെ നിത്യത ചെലവഴിക്കുന്നത്‌. നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിശേഷിപ്പിക്കുന്നത്‌ ഇനിയും ദൈവം സൃഷ്ടിക്കുവാനിരിക്കുന്ന ആ പുതിയ ഭൂമിയെ ആണ്‌. അവിടെ ആയിരിക്കും നാം നമ്മുടെ നിത്യത ചെലവഴിക്കുന്നത്‌. ആ പുതിയ ഭൂമിയിലാണ്‌ പുതിയ യെരുശലേം സ്ഥാപിക്കപ്പെടുന്നത്‌. അവിടെ ആയിരിക്കും തങ്ക തെരുവീധികളും പളുങ്കു കൊണ്ടുള്ള ഗോപുരങ്ങളും ഉണ്ടായിരിക്കുന്നത്‌.

നാം ഇപ്പോള്‍ "സ്വര്‍ഗ്ഗം" എന്ന് വിളിക്കുന്ന ആ പുതിയ ഭൂമിയില്‍ തേജസ്കരിക്കപ്പെട്ട ശരീരത്തോടുകൂടി നാം വസിക്കും (1കൊരി.15:35-58). സ്വര്‍ഗ്ഗം "മേഘങ്ങളില്‍" എവിടെയോ എന്ന ചിന്താഗതി വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം "ആകാശാത്ത്‌ നീന്തിത്തുടിക്കുന്ന ആത്മാക്കള്‍" ആയിരിക്കും എന്നതും വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയല്ല. നാം നോക്കിപ്പാര്‍ക്കുന്ന ആ സ്വഗ്ഗം പാപവും ശാപവും ഇല്ലാത്ത, കണ്ണുനീരും കഷ്ടപ്പാടും ഇല്ലാത്ത, രോഗവും മരണവും ഇല്ലാത്ത പുതിയ ഭൂമിയൂം പുതിയ ആകാശവും ആണ്‌. അത്‌ നാം ഇന്ന് വസിക്കുന്ന ഭൂമിയെപ്പോലെ തന്നെ ആയിരിക്കും. എന്നാള്‍ അത്‌ പാപവും ശാപവും ഇല്ലാത്ത ഒരു ലോകം ആയിരിക്കും.

എന്താണ്‌ ഈ പുതിയ ആകാശം? വേദപുസ്തകത്തില്‍ ആകാശം എന്ന വാക്ക്‌ മേഘങ്ങളേയും, ശൂന്യാകാശത്തേയും, ദൈവസിംഹാസനത്തേയും കുറിക്കുന്നതാണ്‌ എന്നത്‌ മറക്കുവാന്‍ പാഡില്ല. അതുകൊണ്ട്‌ വെളി.21:1 ല്‍ പറഞ്ഞിരിക്കുന്ന പുതിയ ആകാശം ഇവ എല്ലാം ഉള്‍പ്പെടുന്നവയാണ്‌ എന്നു വേണം കരുതുവാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഈ അഖിലാണ്ഡത്തെ മുഴുവനും പുതുതായി സൃഷ്ടിക്കുവാന്‍ പോകുന്നു എന്നര്‍ത്ഥം. സകലത്തിനും ഒരു പുതിയ ആരംഭം കുറിക്കുവാന്‍ ദൈവം തീരുമാനിച്ചിരിക്കുന്നു എന്ന് നമുക്ക്‌ മനസ്സിലാക്കാം. അന്ന് ദൈവം നമ്മോടു കൂടെ പുതിയ യെരൂശേമില്‍ എപ്പോഴും വസിക്കും (വെളി.21:3). നമുക്ക്‌ അന്ന് ദൈവസിംഹാസനം ഇരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശനം ഉണ്ടായിരിക്കുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌. അതു വരെ നീതി അധിവസിക്കുന്ന ആ പുതിയ ഭൂമിക്കായി നമുക്ക്‌ ആകാംഷയോടെ കാത്തിരിക്കാം.

ചോദ്യം: നരകം വാസ്തവമായി ഉണ്ടോ? നരകം നിത്യമാണോ?


ഉത്തരം: നരകം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരേക്കാള്‍ അധികം ആളുകള്‍ ഒരു സ്വര്‍ഗ്ഗം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ എന്നത്‌ വളരെ രസകരമായ ഒരു കാര്യമാണ്‌. എന്നാല്‍ സത്യ വേദപുസ്തകം അനുസരിച്ച്‌ സ്വര്‍ഗ്ഗം വാസ്തവം ആയിരിക്കുന്നതു പോലെ തന്നെ നരകവും വാസ്തവം ആണ്‌. മരണശേഷം രക്ഷിക്കപ്പെടാത്തവര്‍ ഏവരും നരകയാതന അനുഭവിക്കും എന്നത്‌ ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്ന സത്യമാണ്‌. നാമെല്ലാവരും പാപം ചെയ്തിട്ടുള്ളവരാണ്‌ (റോമ.3:23). പാപത്തിനു നീതിയായി ലഭിക്കേണ്ട ശിക്ഷ മരണമാണ്‌ (റോമ.6:23). എല്ലാ പാപവും ദൈവത്തിന്‌ എതിരായുള്ളതാണ്‌ (സങ്കീ.51:4). നിത്യനും പരിമിതി ഇല്ലാത്തവനും ആയ ദൈവത്തിന്‌ എതിരെയാണ്‌ എല്ലാ പാപവും എന്നതുകൊണ്ട്‌ പാപത്തിന്റെ ശിക്ഷയും നിത്യമാണ്‌. നരകം നിത്യനായ ദൈവത്തില്‍ നിന്ന്‌ നിത്യത മുഴുവന്‍ പിരിഞ്ഞിരിക്കുന്ന അനുഭവമാണ്‌.

വേദപുസ്തകത്തില്‍ ഉടനീളം നരകത്തെപപിറ്റി നാം വായിക്കുന്നു. നരകശിക്ഷ നിത്യമാണ്‌ (മത്താ.25:41). അവിടെ കെടാത്ത തീ ഉണ്ട്‌(മത്താ.3:12), ലജ്ജയും നിത്യനിന്ദയും ഉള്ള സ്ഥലമാണ്‌ (ദാനി.12:2). അത്‌ യാതനാ സ്ഥലമാണ്‌ (ലൂക്കോ.16:23). അവിടെ കരച്ചിലും പല്ലുകടിയും ഉണ്ട്‌ (മത്താ.25:30). അത്‌ നിത്യ നാശമാണ്‌ (2തെസ്സ.1:9). നിത്യനിത്യമായി യാതനയുടെ പുക ഉയരുന്ന സ്ഥലമാണ്‌ (വെളി.14:10-11). അഗ്നിയും ഗന്ധകവും എരിയുന്ന കടലാണ്‌; അവിടെ ദുഷ്ടന്‍മാര്‍ രാപ്പകല്‍ യാതന അനുഭവിക്കും (വെളി.20:10). ഇങ്ങനെയാണ്‌ നരകത്തെപ്പറ്റി നാം വായിക്കുന്നത്‌.

നീതിമാന്‍മാരുടെ സ്വര്‍ഗ്ഗീയ അനുഭൂതി നിത്യനിത്യമായിരിക്കുന്നതുപോലെ തന്നെ ദുഷ്ടന്‍മാരുടെ ശിക്ഷയും നിത്യനിത്യമാണ്‌. ഈ കാര്യം നമ്മുടെ കര്‍ത്താവു തന്നെ തിരുവായ്മൊഴിഞ്ഞ്‌ പറഞ്ഞതാണ്‌ (മത്താ.25:46). ദുഷ്ടന്‍മാര്‍ ദൈവത്തിന്റെ കോപത്തിനും ക്രോധത്തിനും പാത്രരാവുകയാണ്‌. നരകത്തിലുള്ളവര്‍ ദൈവത്തിന്റെ പരമനീതി മനസ്സിലാക്കും (സങ്കീ.76:10). അവരുടെ ശിക്ഷാവിധി നീതിയുള്ളതായിരുന്നു എന്നും അവര്‍ തന്നെയാണ്‌ അതിന്നു കാരണക്കാര്‍ എന്നും നരകത്തിലുള്ളവര്‍ സമ്മതിക്കും (ആവര്‍.32:3-5). അതെ, നരകം വാസ്തവം തന്നെ. ഒരിക്കലും അവസാനിക്കാത്ത യാതനയുടേയും ശിക്ഷയുടേയും സ്ഥലമാണത്‌. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിച്ച്‌ അവന്റെ വഴിയില്‍ നടക്കുന്നവര്‍ക്ക്‌ നരക ശിക്ഷയില്‍ നിന്ന്‌ രക്ഷ പ്രാപിക്കാം എന്നതാണ്‌ ബൈബിളിലെ സത്യം (യോഹ.3:16, 18, 36).


ചോദ്യം: നമ്മുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും സ്വര്‍ഗ്ഗത്തില്‍ വച്ച്‌ കാണുവാന്‍ കഴിയുമോ?

ഉത്തരം: പലരും പറയുന്നത്‌ അവര്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത്‌ അവരുടെ സ്നേഹിതരേയും കുടുംബ അംഗങ്ങളേയും കണ്ടുപിടിക്കും എന്നാണ്‌. നിത്യതയില്‍ നമ്മുടെ സ്നേഹിതരേയും കുടുബ അംഗങ്ങളേയും കാണുവാനും അറിയുവാനും ഒക്കെ സാധിക്കുമെങ്കിലും, സ്വര്‍ഗ്ഗ്ത്തിലെ പ്രധാന വിഷയം അത്‌ ആയിരിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തിലും സ്വര്‍ഗ്ഗത്തിന്റെ അത്ഭുതത്തിലും വിസ്മയപ്പെട്ട്‌ ദൈവത്തെ ആരാധിക്കുന്നതില്‍ നാം വ്യാപൃതരായിരിക്കും. സ്നേഹിതരും കുടുംബ അംഗങ്ങളുമായുള്ള നമ്മുടെ കൂടിക്കാഴ്ചയില്‍ നമ്മുടെ പ്രധാന വിഷയം അവരില്‍ കൂടി നാം അനുഭവിച്ച ദൈവ കൃപയെപ്പറ്റിയും ദൈവസ്നേഹത്തെപ്പറ്റിയും ആയിരിക്കും. ഭൂമിയില്‍ നാം ആയിരിക്കുമ്പോള്‍ പരിചയമുള്ളവരുമൊത്ത്‌ നാം സ്വര്‍ഗ്ഗത്തില്‍ എത്തിയ ശേഷം ദൈവസന്നിധിയില്‍ അവനെ സ്തുതിക്കുന്നത്‌ നമ്മെ ആഹ്ലാദഭരിതരാക്കും.

നമുക്ക്‌ ഭൂമിയില്‍ പരിചയം ഉള്ളവരെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു എന്ന്‌ നോക്കാം. തന്റെ കൈക്കുഞ്ഞു മരിച്ചപ്പോല്‍ ദാവീദു പറഞ്ഞത്‌ ശ്രദ്ധിക്കുക: "ഞാന്‍ അവന്റെ അടുക്കലേക്ക്‌ പോകുമെന്നല്ലാതെ അവന്‍ എങ്കലേക്ക്‌ തിരിച്ചു വരികയില്ലല്ലോ" (2ശമു.12:23). മരിച്ചു പോയ കുഞ്ഞ്‌ ഒരു കൈക്കുഞ്ഞായിരിന്നിട്ടുപോലും അവനെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയുവാന്‍ കഴിയും എന്ന്‌ ദാവീദ്‌ വിശ്വസിച്ചു. ലൂക്കോ.16:19-31 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ച്‌ അബ്രഹാം, ലാസര്‍, ധനവാന്‍ എന്നിവരെ അവരുടെ മരണശേഷവും വ്യക്തമായി തിരിച്ചറിയുവാന്‍ കഴിയുമല്ലൊ. മറുരൂപ മലയുടെ മുകളില്‍ പ്രത്യക്ഷരായ മോശെയേയും ഏലിയാവിനേയും ശിഷ്യന്‍മാര്‍ തിരിച്ചറിഞ്ഞല്ലോ (മത്ത.17:3-4). ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന്‌ മരണശേഷവും ആളുകളെ തിരിച്ചറിയുവാന്‍ കഴിയും എന്ന്‌ സത്യവേദപുസ്തകത്തില്‍ നിന്ന്‌ മനസ്സിലാക്കാം.

നാം നമ്മുടെ കര്‍ത്താവിനെ കാണുമ്പോള്‍ അവന്‍ ഇരിക്കുന്നതുപോലെ നാമും ആയിത്തീരും എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (1 യോഹ.3:2). നമ്മുടെ ഭൌമീക ശരീരം ആദ്യത്തെ ആദാമിന്റെ ശരീരപ്രകൃതിയോട്‌ ഒത്തിരിക്കുന്നതുപോലെ മരണശേഷം നമ്മുടെ ശരീരപ്രകൃതി രണ്ടാം ആദാമായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീര പ്രകൃതിപോലെ ആകും (1 കൊരി.15:47). "നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമ ധരിക്കും. ഈ ദ്രവത്വമുള്ളത്‌ അദ്രവത്വത്തേയും ഈ മര്‍ത്യമായത്‌ അമര്‍ത്യത്തേയും ധരിക്കേണം" (1കൊരി.15:49, 53). ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനേകര്‍ കണ്ടു മനസ്സിലാക്കി എന്ന് നാം വായിക്കുന്നു (യോഹ. 20:16, 20; 21:12; 1കൊരി.15:4-7). തേജസ്കരിക്കപ്പെട്ട തന്റെ ശരീരത്തില്‍ നമ്മുടെ കര്‍ത്താവിനെ കണ്ടു മനസ്സിലാക്കുവാന്‍ കഴിഞ്ഞെങ്കില്‍ നമ്മേയും നമ്മുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ മനസ്സിലാക്കുവാന്‍ കഴിയണം. നമ്മുടെ സ്നേഹിതരേയും ബന്ധുമിത്രാദികളേയും അവരുടെ തേജസ്കരിക്കപ്പെട്ട ശരീരത്തില്‍ കന്‍ണ്ടു മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ വളെരെ അത്ഭുത വിഷയമായിരിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ സൃഷ്ടാവിനെ അവന്റെ സകല മഹത്വത്തിലും കണ്ട്‌ അവന്റെ മുമ്പില്‍ അവനെ നമ്മുടെ ബന്ധുമിത്രാദികളോടൊത്ത്‌ ആരാധിക്കുവാന്‍ കഴിയും എന്നതാണ്‌.

GotQuestion?org


Friday, 1 June 2012

ഒരു കള്ളപ്രവാചകനെയോ ഒരു ദുരുപദേഷ്ടാവിനേയോ എങ്ങനെ തിരിച്ചറിയാം?


ചോദ്യം: ഒരു കള്ളപ്രവാചകനെയോ ഒരു ദുരുപദേഷ്ടാവിനേയോ എങ്ങനെ തിരിച്ചറിയാം?

ഉത്തരം: ദൈവത്തിന്റെ വൃതന്‍മാരെപ്പോലും തെറ്റിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട്‌ കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്‍മാരും എഴുന്നേല്‍ക്കും എന്ന്‌ കര്‍ത്തവ്‌ പറഞ്ഞിട്ടുണ്ട്‌ (മത്താ.23:24-27; 2പത്രോ.3:3; യൂദാ. വാ.17,18 ഉം കാണുക). ദുരുപദേശത്തില്‍ നിന്നും ദുരുപദേഷ്ടാക്കളില്‍ നിന്നും നമ്മെ കാക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സത്യം അറിഞ്ഞിരിക്കുക എന്നതാണ്‌. തെറ്റിനെ കണ്ടറിയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ശരിയായുള്ളത്‌ വ്യക്തമായി പഠിച്ചറിയുക എന്നതാണ്‌. സത്യവചനത്തെ വ്യക്തമായി പഠിച്ച്‌ അതിനെ ശരിയായി കൈകാര്യം ചെയ്യുവാന്‍ (2തിമോ.2:15) അറിയുന്ന ഒരു വ്യക്തിക്ക്‌ ദുരുപദേശത്തെ പെട്ടെന്ന്‌ തിരിച്ചറിയുവാന്‍ കഴിയും. ഉദ്ദാഹരണമായി, മത്താ.3:16,17 എന്നീ വാക്യങ്ങളില്‍ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ വ്യക്തികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യം വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക്‌ ത്രിത്വം ശരിയല്ല എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ സമ്മതിക്കുവാന്‍ കഴികയില്ല. അതുകൊണ്ട്‌ തിരുവചനത്തെ വ്യക്തമായി പഠിച്ച്‌ അത്‌ നല്ലവണ്ണം കൈകാര്യം ചെയ്യുവാന്‍ അറിഞ്ഞിരിക്കുക എന്നതാണ്‌ ദുരുപദേശത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യമായി ചെയ്യേണട ത്‌.


യേശുകര്‍ത്താവു പറഞ്ഞു, "ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്‌" എന്ന്‌ (മത്താ.12:33). നാം "ഫലം" തെരയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രധാനമായി ശ്രദ്ധിച്ചാല്‍ ഒരു വ്യക്തി ദുരുപദേശകനോ കള്ളപ്രവാചകനോ ആകുന്നുവോ എന്ന്‌ കണ്ടുപിടിക്കാം.


1) ഈ ഉപദേഷ്ടാവ്‌ ക്രിസ്തുവിനെപ്പറ്റി എന്തു പഠിപ്പിക്കുന്നു? മത്താ.16:15-16 ല്‍ കര്‍ത്താവ്‌ ചോദിക്കുന്നു: "ഞാന്‍ ആരെന്ന്‌ നിങ്ങള്‍ പറയുന്നു?" അതിനു മറുപടിയായി പത്രോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു". "നീ ഭാഗ്യവാന്‍" എന്ന്‌ കര്‍ത്താവ്‌ പത്രോസിനോടു പറയുന്നു. 2യോഹ. വാക്യം 9 ല്‍ ഇങ്ങനെ വായിക്കുന്നു. "ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല. ഉപദേശത്തില്‍ നിലനില്‍ക്കുന്നവനോ, പിതാവും പുത്രനും ഉണ്ട്‌". വേറൊരു രീതിയില്‍ പറഞ്ഞാല്‍, ക്രിസ്തുവും അവന്റെ രക്ഷണ്യവേലയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. ആരെങ്കിലും ക്രിസ്തുവിനെ തരം താഴിത്തി ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം കൊടുത്തില്ലെങ്കില്‍, ആരെങ്കിലും ക്രിസ്തു പൂര്‍ണ്ണ മനുഷന്‍ ആയിരുന്നില്ല എന്നു പറയുന്നെങ്കില്‍, ആരെങ്കിലും ക്രിസ്തുവിന്റെ മരണം പാപക്ഷമക്ക്‌ പര്യാപ്തമല്ല എന്നു പറയുന്നെങ്കില്‍, അങ്ങനെയുള്ളവര്‍ വേദവിരുദ്ധം ഉപദേശിക്കുന്നവരാണ്‌. "യേശുവിനെ ക്രിസ്തുവല്ല എന്ന്‌ നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആരാകുന്നു? പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ തന്നെ എതിര്‍ക്രിസ്തു ആകുന്നു" (1യോഹ.2:22).


2) ഈ ഉപദേഷ്ടാവ്‌ വാസ്തവത്തില്‍ സുവിശേഷം പ്രസംഗിക്കുന്നവനാണോ? "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി തിരുവെഴുത്തുകളില്‍ പ്രകാരം മരിച്ച്‌, അടക്കപ്പെട്ട്‌, തിരുവെഴുത്തുകളിന്‍ പ്രകാരം ഉയിര്‍ത്തെഴുന്നേറ്റ്‌... പ്രത്യക്ഷനായി" (1കൊരി.15:3-4) എന്നതാണ്‌ സുവിശേഷത്തിന്റെ കാതലായ വിഷയം. "ദൈവം നമ്മെ സ്നേഹിക്കുന്നു", "നമുക്കു പാവപ്പെട്ടവരെ ശുശ്രൂഷിക്കാം", "നാം എല്ലാ നിലയിലും ഐശ്വര്യവാരായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു" എന്നൊക്കെ പ്രസംഗിക്കുന്നവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ ഇന്‍പമുള്ളതായിരുന്നാലും അതൊന്നും സുവിശേഷമല്ല. ഗലാ.1:7 ലെ പൌലൊസിന്റെ ഭയനിര്‍ദേശം ശ്രദ്ധിക്കുക. "അത്‌ വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ". ദൈവത്തിന്റെ സുവിശേഷത്തെ മാറ്റിമറിക്കുവാന്‍ എത്ര വലിയ പ്രാസംഗീകനും അധികാരമില്ല. "എന്നാല്‍, ഞങ്ങള്‍ നിങ്ങളോട്‌ അറിയിച്ചതിനു വിപരീതമായി, ഞങ്ങള്‍ ആകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ ആകട്ടെ നിങ്ങളോട്‌ വേറൊരു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍" (ഗലാ.1:8) എന്ന് വേദപുസ്തകം പറയുന്നു.


3) ഈ ഉപദേഷ്ടാവ്‌ തന്റെ സ്വഭാവത്തില്‍ ക്രിസ്തുവിനെ പ്രദര്‍ശിപ്പിക്കുന്നവനാണോ? ദുരുപദേഷ്ടാക്കന്‍മാരെപ്പറ്റി പറയുമ്പോള്‍ യൂദാ ഇങ്ങനെ പറയുന്നു: "അവര്‍ക്ക്‌ അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും, കൂലി കൊതിച്ച്‌ ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്‍പിക്കയും, കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു" (വാക്യം 11). വേറൊരു രീതിയില്‍ പറഞ്ഞാല്‍ ദുരുപദേഷ്ടാക്കന്‍മാര്‍ അഹങ്കാരത്താല്‍ കയിനെപ്പോലെ ദൈവത്തിന്റെ ആലോചനയെ മറുതലിക്കുന്നവരും, ബാലാമിനെപ്പോലെ അത്യാഗ്രഹികളായി ദൈവവേലയെ ധനസമ്പാദ്യ മാര്‍ഗ്ഗമാക്കുന്നവരും, കോരഹിനെപ്പോലെ ദൈവ വ്യവസ്ഥിതിയെ മാറ്റിമറിക്കുവാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരെപ്പറ്റി നാം ജാഗ്രതയുള്ളവരായിരുന്ന് അവരുടെ ഫലങ്ങളാല്‍ അവരെ തിരിച്ചറിയണം എന്ന് നമ്മുടെ കര്‍ത്താവു പറഞ്ഞു (മത്താ.7:15-20).


ഗലാത്യലേഖനം, 2പത്രോസ്‌, യോഹന്നാന്റെ 1,2 ലേഖനങ്ങള്‍, യൂദയുടെ ലേഖനം എന്നിവ ദുരുപദേശങ്ങള്‍ക്ക്‌ എതിരായി എഴുതിയിട്ടുള്ളവയാണ്‌. ഈ ലേഖനങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണം. ദുരുപദേശക്കാരെ കണ്ടുപിടിക്കുക ചിലപ്പോള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. പിശാച്‌ വെളിച്ചദൂതനേപ്പോലെയും അവന്റെ ശിഷ്യന്‍മാര്‍ നീതിപ്രസംഗികളെപ്പോലെയും വെളിപ്പെടാറുണ്ടല്ലോ എന്ന് നാം വായിക്കുന്നു (2കൊരി.11:14.15). സത്യവചനത്തെ വ്യക്തമായി മനസ്സിലാക്കിയെങ്കിലേ ദുരുപദേശത്തേയും കള്ളപ്രവാചകന്‍മാരേയും ഏതൊക്കെ ആരൊക്കെയെന്നത്‌ കണ്ട്‌ അറിയുവാന്‍ സാധിക്കയുള്ളൂ.

അവലംബം: gotQuestion?org


സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?


ചോദ്യം: സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?

ഉത്തരം: "ഞാന്‍ സാമാന്യം നല്ല വ്യക്തിയാണ്‌, അതുകൊണ്ട്‌ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകും". "ഇടക്കിടക്ക്‌ ഞാന്‍ തെറ്റു ചെയ്യാറുണ്ടെന്നത്‌ ശരി തന്നേ; എങ്കിലും സാധാരണ നല്ല കാര്യങ്ങളാണ്‌ കൂടുതല്‍ ചെയ്യാറുള്ളത്‌. അതുകൊണ്ട്‌ സ്വര്‍ഗ്ഗം എനിക്കുണ്ട്‌". "ഞാന്‍ സത്യ വേദപുസ്തകം വിശ്വസിക്കുന്നില്ല എന്ന ഒരേ കാരണത്താല്‍ ദൈവം എന്നെ നരകത്തില്‍ അയക്കയില്ലല്ലോ. ഇപ്പോള്‍ കാലം മാറിയില്ലേ?" "കുലപാതകര്‍, വ്യഭിചാരികള്‍ തുടങ്ങിയ ഹീന മനുഷരാണ്‌ നരകത്തില്‍ പോകേണ്ടത്‌; പോകുന്നത്‌".


സാധാരണ ജനങ്ങളുടെ ചിന്താഗതികളാണ്‌ മുകളില്‍ വായിച്ചത്‌. എന്നാല്‍ സത്യം പറയട്ടെ; അവയെല്ലാം അസതയ‍ങ്ങളാണ്‌. ഈ ലോകത്തിന്റെ അധിപതിയായ പിശാചാണ്‌ ഇത്തരം ചിന്തകള്‍ മനുഷരുടെ ഇടയില്‍ പരത്തിയിരിക്കുന്നത്‌. സാത്താനും അവനെ പിന്‍പറ്റുന്ന ഏവരും ദൈവത്തിന്റെ ശത്രുക്കളാണ്‌ (1പത്രോ.5:8). സാത്താന്‍ വെളിച്ചത്തിന്റെ ദൂതനായിട്ടാണ്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്‌ (2ഒക്രി.11:14). ദൈവത്തിനു സമര്‍പ്പിക്കപ്പെടാത്ത ഹൃദയങ്ങളുടെ മേല്‍ അവന്‍ ആധിക്യം ചെലുത്തുന്നു. "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ്‌ കുരുടാക്കി" (2കൊരി.4:4).


ലഘുവായ പാപങ്ങള്‍ ദൈവം കണക്കിലെടുക്കയില്ലെന്നും നരകം "ഹീന മനുഷര്‍ക്കു" വേണ്ടി ഉള്ളതാണെന്നും വിശ്വസിക്കുന്നത്‌ വെറും മിത്ഥ്യയാണ്‌. എല്ലാ പാപങ്ങളും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു; വെറും നിരുപദ്രവികള്‍ എന്ന് തോന്നുന്നവ പോലും! സകല മനുഷരും തെറ്റ്‌ ചെയ്തവരാണ്‌. സ്വന്ത പ്രയത്നത്താല്‍ ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ കഴികയില്ല (റോമ. 3:23). നമ്മുടെ പുണ്യ പ്രവൃത്തികള്‍ തെറ്റുകളെ അതിജീവിച്ചോ ഇല്ലയോ എന്ന അടിസ്ഥാനത്തില്‍ നമുക്ക്‌ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കയില്ല. അങ്ങനെയാണെങ്കില്‍ നാം പരാജയപ്പെടുന്നത്‌ നിശ്ചയമാണ്‌. ദൈവത്തിനറൊ കൃപയാല്‍ മാത്രമേ നമുക്ക്‌ രക്ഷിക്കപ്പെടുവാന്‍ സാധിക്കയുള്ളൂ. പ്രവൃത്തികള്‍ക്ക്‌ അവിടെ സ്ഥാനമില്ല. "കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല" (റോമ.11:6). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ നമ്മുടെ യാതൊരു പുണ്യപ്രവൃത്തികളും ഉപയുക്തമല്ല തന്നേ (തീത്തോ.3:5).


യേശുകര്‍ത്താവു പറഞ്ഞത്‌ ശ്രദ്ധിക്കുക."ഇടുക്കു വാതിലൂടെ അകത്തു കടപ്പീന്‍; നാശത്തിലേക്ക്‌ പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്‌; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ.7:13,14). ലോകത്തിലുള്ള സകല മനുഷരും ദൈവത്തെ വിശ്വസിക്കാതെ തങ്ങളുടെ പാപവഴികളില്‍ത്തന്നേ നടന്നാല്‍ പോലും ദൈവം അവരെ ക്ഷമിക്കയില്ല. "നിങ്ങള്‍ മുംബെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനേയും അനുസരിച്ചു നടന്നു" (എഫേ.2:2). ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ അത്‌ കുറ്റമറ്റതായിരുന്നു. എല്ലാം നല്ലതായിരുന്നു. അതിനു ശേഷം അവന്‍ ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ച്‌ ദൈവത്തെ അനുസരിക്കുവാനോ തിരസ്കരിക്കുവാനോ ഉള്ള അവകാശവും ദൈവം അവര്‍ക്കു കൊടുത്തു. എന്നാല്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ആദിമനുഷരായ ആദവും ഹവ്വയും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട്‌ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ച്‌ പാപം ചെയ്തു. ഇത്‌ അവരെയും അവരുടെ പിന്‍ തലമുറക്കാരായ നമ്മേയും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്ന്‌ അകറ്റി. ദൈവം പരിശുദ്ധനും നീതിമാനും ആയതിനാല്‍ അവന്‍ പാപത്തെ ശിക്ഷിക്ക തന്നേ ചെയ്യും. തെറ്റുകാരായ നമുക്കു തന്നെ ദൈവത്തിങ്കലേക്കു മടങ്ങുന്നത്‌ അസാദ്ധ്യമാണല്ലോ. അതുകൊണ്ട്‌ ദൈവം തന്നെ നമ്മേ ദൈവത്തിങ്കലേക്ക്‌ മടക്കി വരുത്തുവാന്‍ ഒരു മാര്‍ഗം ഉണ്ടാക്കി. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പാപത്തിന്റെ ശംബളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ, നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നേ (റോമ.6:23). യേശുകര്‍ത്താവ്‌ ഈ ഭൂമിയില്‍ ജനിച്ചത്‌ നമ്മെ ദൈവത്തോട്‌ അടുപ്പിക്കുവാനുള്ള വഴിയായിടടാതണ്‌. അവന്‍ മരിച്ചത്‌ നാം മരിക്കാതിരിക്കുവാനാണ്‌. മരണത്തില്‍ നിന്ന്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ തനിക്ക്‌ മരണത്തിന്‍മേലും പാപത്തിന്‍മേലുമുള്ള അധികാരത്തെ അവന്‍ വെളിപ്പെടുത്തി (റോമ. 4:25). ദൈവത്തിനും മനുഷര്‍ക്കും ഇടയിലുള്ള വിടവ്‌ അവന്‍ ഇല്ലാതാക്കി; ഇന്ന്‌ അവന്‍മേലുള്ള വിശ്വാസത്താല്‍ നമുക്ക്‌ ദൈവത്തോട്‌ ബ്ന്ധപ്പെടാനൊക്കും എന്ന നിലയിലാക്കി.


"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു" (യോഹ.17:3). ദൈവത്തെ വിശ്വസിക്കുന്ന അനേകരുണ്ട്‌; പിശാചുകളും വിശവ:സിക്കുന്നുവെന്ന്‌ വേദപുസ്തകം പറയുന്നു (യാക്കോ.2:19). എന്നാല്‍ നാം രക്ഷിക്കപ്പെടേണമെങ്കില്‍ നമ്മുടെ പാപവഴികളെ വിട്ട്‌ ദൈവത്തിങ്കലേക്കു തിരിഞ്ഞ്‌ അവനുമായി വ്യക്തിപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ട്‌ അവനെ പിന്‍പറ്റേണ്ടത്‌ ആവശ്യമാണ്‌. മുഴു ഹൃദയത്തോടെ യേശുകര്‍ത്താവിനെ വിശ്വസിച്ചു ആശ്രയിക്കേണ്ടതാണ്‌. "അവന്റെ കൃപയാല്‍ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്‌ (റോമ.3:24). നാം രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന്‌ വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു. യേശുകര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല (യോഹ.14:6).


രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ്‌ മനുഷന്റെ പാപപരിഹാര ബലിയായത്‌. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ്‌ ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ്‌ ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന്‌ കഴിഞ്ഞു. ഇന്ന് മനുഷന്‌ രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12).


നിങ്ങല്‍ക്ക്‌ യേശു കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുനനിത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു ലളിത മാര്‍ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിന്റെ മുംബാകെ തെറ്റുകാരനാണെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം ക്രൂശില്‍ മരിച്ചുയിര്‍ത്തെന്നും അവനിലുള്ള വിശ്വാസം മൂലം പാപക്ഷമ ലഭ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ പാപത്തെ വിട്ട്‌ നിങ്കലേക്ക്‌ തിരിയുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.
അവലംബം: gotQuestions?org